ശ്രീകണ്ടാപുരം :200 സ്ത്രീകൾക്ക് 3000 പുരുഷൻമാർ. അവിവാഹിതരും വിവാഹമോചിതരും ഉൾപ്പെടെ ജാതിമതഭേദമെന്യേ സ്ത്രീപുരുഷന്മാർക്ക് വിവാഹിതരാകാനായി പയ്യാവൂർ പഞ്ചായത്ത് നടത്തുന്ന 'പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമുള്ള അപേക്ഷ പഞ്ചായത്തിലെത്തിയിട്ടുണ്ട്. സ്ത്രീകളുടെ 15 ഇരട്ടിയോളം പുരുഷൻമാരുള്ളതിനാൽ സ്ത്രീകളുടെ രജിസ്ട്രേഷൻ മാത്രം തുടരാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.
ഓഗസ്റ്റ് ഒന്നിനാണ് പയ്യാവൂർ പഞ്ചായത്തും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷനും ചേർന്ന് 'പയ്യാവൂർ മാംഗല്യം' വിവാഹപദ്ധതിയുമായി വന്നത്. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു ലക്ഷ്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമർപ്പിച്ചാണ് 'പയ്യാവൂർ മാംഗല്യം' പരിപാടിയുടെ ഭാഗമാകേണ്ടത്.


അപേക്ഷാഫോമിന്റെ മാതൃക സാമൂഹികമാധ്യമങ്ങൾ വഴിയും പഞ്ചായത്ത് ഓഫീസ് വഴിയും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ വഴിയും നൽകി. സ്ത്രീകളുടെ അപേക്ഷ സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾക്കാണ് നൽകേണ്ടത്. അപേക്ഷകളിൽനിന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചനകൾ നടത്തി ഒക്ടോബറിൽ സമൂഹവിവാഹം നടത്തുന്നതാണ് പദ്ധതി.
ബുധനാഴ്ചയായിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. പഞ്ചായത്തിലെത്തിയ ക്രോഡീകരിക്കേണ്ട അപേക്ഷകൾ നടപടികളിലേക്ക് കടക്കുകയാണ്. ഇതിനുശേഷം വിവാഹാലോചനകൾ നടക്കും. ഇനിയും പദ്ധതിയിലൂടെ വിവാഹിതരാകാൻ താത്പര്യമുള്ള സ്ത്രീകൾക്ക് കണ്ണൂർ ജില്ലാ വിധവാ ക്ഷേമസംഘം, എൻജിഒ യൂണിയൻ ബിൽഡിങ്, പഴയ ബസ്സ്റ്റാൻഡിന് സമീപം കണ്ണൂർ-670001 എന്ന വിലാസത്തിൽ അപേക്ഷ അയക്കാം.
എല്ലാ ജില്ലകളിൽനിന്നും മികച്ച പ്രതികരണമാണ് 'പയ്യാവൂർ മാംഗല്യം' പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടുദിവസത്തിനുള്ളിൽ അപേക്ഷിച്ചവരിൽ നിന്നുള്ള വിവാഹാലോചനകൾ തുടങ്ങി ഒക്ടോബറിൽ സമൂഹവിവാഹം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു.
'Payyavoor Mangalyam' mass marriage project in Kannur 3000 men came to marry 200 women